Tuesday, March 31, 2015

രാഷ്ട്രീയം, പ്രണയം പിന്നെ ഗൃഹാതുരത്വം

ചായക്കടകളില്‍ ‍ നിന്നാണ് 
രാഷ്ട്രീയത്തിന്‍റെ  
സംവാദങ്ങള്‍ക്ക് ചൂട് പിടിക്കുക... 
ബാര്‍ബര്‍ ഷാപ്പുകളില്‍ ‍ 
ഇഴകീറി പോസ്റ്റുമോര്‍ട്ടം 
നടത്തപ്പെടുന്നത് വരെ 
ഓരോ തര്‍ക്കങ്ങളും 
റോഡരുകുകളിലെ കലുങ്കുകളില്‍ 
കിങ്ങ് ബീഡി വലിച്ചിരിക്കുന്നുണ്ടാകും... ! 


ബസ്സ്‌സ്റ്റോപ്പുകളില്‍ നിന്നാണ് 
പ്രണയത്തിന്‍റെ പുസ്തകത്തിലെ 
ആദ്യതാള്‍ മറിക്കപ്പെടുക 
കടല്‍ത്തീരത്തെ 
അന്തിച്ചുവപ്പുള്ള ഇരുളില്‍ 
സ്വയമലിഞ്ഞു ചേരുന്നത് വരെ 
അത് ആകാശം കാണാത്ത മയില്‍പ്പീലിയായിരിക്കും..!!


മരുഭൂമികളില്‍ നിന്നാണ് 
ഗൃഹാതുരത്വത്തിന്‍റെ മഴത്തുള്ളികള്‍ 
നാം കണ്ടെടുക്കുന്നത് 
തിരിച്ചു പോകേണ്ട 
മടുപ്പിക്കുന്ന വഴികള്‍ക്ക് 
കാല്‍പ്പനികതയുടെ 
ഇല്ലാവര്‍ണ്ണങ്ങള്‍ തേച്ച് 
നമ്മള്‍ സ്വയം നഷ്ടപ്പെടും......!!!
 

......

അഞ്ച് ഒറ്റവരിക്കവിതകള്‍..

1.

കടല്‍.. 
ആകാശത്തിന്റെ 
കണ്ണീരുപ്പു 
കലര്‍ന്ന 
ജലപദം....!

2.
കനല്‍... 
അഗ്നിയുടെ 
സ്വപ്നങ്ങളില്‍ 
കുതിര്‍ന്ന 
വ്യഥ.....! 

3.
നിഴല്‍... 
രൂപങ്ങളുടെ 
അനുഗാമിയാവാന്‍ 
വിധിക്കപ്പെട്ട 
അരൂപി...! 

4.
നിലാവ്... 
രാത്രിയുടെ 
പൊള്ളാത്ത 
ഹൃദയത്തിന്റെ 
വേനല്‍...!

5.
കിനാവ്‌... 
ഉറക്കത്തിലേക്ക് 
അപ്-ലോഡ്‌ ചെയ്ത 
യൂടൂബിലില്ലാത്ത 
ഷോര്‍ട്ട് ഫിലിംസ്.....!

ഒഴുക്കിലെ പ്രിയപ്പെട്ട ഒരിലയെക്കുറിച്ച്..


കഥയായെരിഞ്ഞു തീരുന്നതിന്‍ മുന്‍പൊരു 
കഥയുടെ വ്യഥയുമായ്‌, 
വേവാത്ത മനവുമായ്, 
നോവാതെ നോവുന്നോരുടലുമായിനിയും 
നിലക്കാത്ത നിനവിനെ, 
നിണം വാര്‍ന്ന നിഴലിനെ, 
കടലിനെ, കിനാവിനെ, 
മഴയെ;
മലര്‍ പോലെ വിരിയും നിലാവിനെ 
മഷിവിരലാലെന്നുമെഴുതാന്‍ പിറന്നവള്‍.. 
*
സ്വപ്നങ്ങളില്‍, 
ജന്മദര്‍പ്പണങ്ങള്‍ പോറും
അഴലിന്‍റെ ചിഹ്നങ്ങളെരിതീക്കനല്‍ പോലെ 
പിറവിക്ക് കൂട്ടായിരുന്നു..,
അവളുടെയോര്‍മ്മകള്‍, 
ജന്മാന്തരങ്ങള്‍ക്കുമപ്പുറം 
നിയതിയുടെയിരുളില്‍ തടം തല്ലുമരുതുകള്‍, 
മൗനങ്ങള്‍ കൊണ്ടുയിര്‍ പൂണ്ട ദേവോക്തികള്‍ 
മറവിയുടെ മന്ത്രമായിണ ചേര്‍ന്നതും 
കണ്ടുറക്കെപ്പിടഞ്ഞിരുന്നു...
*
അവള്‍ തേച്ച നേരിന്‍റെ നിറമേറ്റു താളുകള്‍ 
ഋതുമതികളായ്,കൂര്‍ത്ത- 
സ്മൃതികളുടെ മുനകളില്‍ 
മൃത ഗന്ധമേറ്റോരിന്നിന്‍ പരിശ്ച്ചേദമാ-
മുത്തരാധുനിക സങ്കല്‍പ്പങ്ങളില്‍ 
വേറിട്ട പ്രത്യയ ശാസ്ത്രമായുന്‍മാദ 
സ്വേദം നനഞ്ഞ കണ്ണാടിയായിരുളിന്‍റെ 
നേര്‍ക്ക്‌ തുറിച്ചു നോക്കുന്നു.. 
ഈയിരുളിന്‍റെ നേര്‍ക്ക്‌ തുറിച്ചു നോക്കുന്നു...! 
*
അവളെയനുധാവനം ചെയ്യുവാനിന്നും 
മരണം ഭയക്കുന്നു... 
പിന്നെയെന്തിനായവളീ 
ജന്മങ്ങളില്‍ നിന്നും 
ജന്മം പകുക്കുന്ന 
പാലത്തിനരികിലൊരു
ചിരിയുമായാരെയോ കാത്തു നില്‍ക്കുന്നു...? 
ഇനിയുമായിരം കഥകള്‍ തന്‍ പേറ്റു നോവെരിയുന്ന 
ഹൃദയം സ്വയം മുറിക്കുന്നു...?? 

....

മനസ്സ്‌


മനസ്സൊരു നിരാകാര ഭാവം;
ദൈവമായ്‌,
ദേഹത്തിലിണ ചേര്‍ന്ന വാദം..
മരണം വരെ നമ്മിലിടറാതെ പാടുന്ന
ദേഹിയുടെയാര്‍ദ്രമാം രാഗം..! 

മൃതമാം പ്രതീക്ഷകള്‍,
നോവാളുമുണ്മകള്‍,
ചിതല്‍പ്പുറ്റുമൂടും കിനാവുകള്‍,
ശിബികാ ഭരിതമാം മോഹങ്ങള്‍, മൗനങ്ങ-
ളോര്‍മ്മകള്‍ ചുട്ടുപൊള്ളിക്കുന്നവ.. 

ഗതകാല സന്ധ്യകള്‍ ഗര്‍ഭ നിശ്വാസങ്ങ-
ളഗ്നിശലാക പോല്‍ കത്തിപ്പടര്‍ന്നവ..
ഇരകളായ്, വേട്ടയാടും നരിക്കൂട്ടമായ്
ദ്വന്ദ ഗന്ധങ്ങളെ പുല്‍കിപ്പിളര്‍ന്നവ.. 

മഴയേറ്റ, വെയിലേറ്റ ചിന്തകള്‍,
പ്രത്യയശാസ്ത്ര നിബദ്ധമാം നിര്‍വ്വചനങ്ങള്‍..
ദുരന്ത നിസ്തേജമാമുള്‍കാഴ്ചകള്‍ പേറി-
യുന്മാദ ബാധകളെന്നേ പുണര്‍ന്നവ.. 

ചരിതായനങ്ങളില്‍
ചതി കൂര്‍ത്ത വാളായ് തുളഞ്ഞിറങ്ങുന്നതും...
അധിനിവേശത്തിന്‍റെ ദ്രംഷ്ട്രങ്ങളില്‍
ആരുടെയോ നിണച്ചോപ്പുണങ്ങുന്നതും...
പെണ്‍കഴലുകള്‍ക്കിടെ യനാഥമാം സ്വര്‍ഗ്ഗ-
മിന്നൊരുപാട് ദൈവങ്ങള്‍ വാഴുന്നതും;
ദൈവ- പുത്രരെ പെറ്റു തളരുന്നൊരുദരങ്ങള്‍
നവവേദ പുസ്തകത്താളിലെ നേരായ്‌, വിതുമ്പലായ്
നോവിന്‍റെ വന്ധ്യ ഗന്ധം തിരയുന്നതും..
അറിയുന്നുവെങ്കിലും, അറിയാതെ നിന്ദ്യമാം
മൗനത്തെ ജപമായുണര്‍ത്തുന്നവ...
*
മനസ്സൊരു നപുംസക സ്വത്വം
ദര്‍പ്പണങ്ങളില്‍ മറവിയുടെ കാഴ്ചകള്‍
ഇരവിന്നശാന്തമാം മര്‍മ്മരങ്ങള്‍;
നോവിലുടയും നിലാവിന്‍റെ ചില്ലാടകള്‍..
*
അഴലുകള്‍ നിഴല്‍ വിരിച്ചാടും നിലങ്ങളില്‍,
ജന്മാന്തരത്തിന്‍ നിയോഗങ്ങളില്‍,
നിയതമാം വിധി തന്‍റെ നിയമങ്ങളില്‍,
നിലനില്പ്പിനായ് പേറുന്ന മനസ്സെന്ന ഭാരം...!
മരണമാം വ്രണിത സമവാക്യങ്ങളില്‍
ജീര്‍ണ്ണ സാനിധ്യമായ്, വെണ്ണീര്‍ക്കിനാവുമായ്,
കണ്ണുനീര്‍ കത്തിപ്പഴുപ്പിച്ചോരോര്‍മ്മയായ്
ബാക്കിയാവുന്നുവീ മനസ്സെന്ന ഭാണ്ഡം...!! 

.....

സ്തൂപികാഗ്രകള്‍ക്കിടയിലൂടെ..


സഖീ..
കാല്പാടുകള്‍ കൊഴിയുന്ന പൂവിതളുകളായി
പിന്നിട്ട പാതയില്‍ ബാക്കിയാവുന്നത്
ഓര്‍മ്മകള്‍ കൊണ്ട് നീ കണ്ടെടുക്കണം..
ഏകാന്തതയെന്നോ, വിജനതയെന്നോ,
പേരുകള്‍ കൊണ്ട് മുറിച്ചിടാനുള്ള
ഈ ഒറ്റപ്പെടലില്‍, 
നിഴലെങ്കിലും നിനക്ക് കൂട്ടിനുണ്ടല്ലോ..
നിശബ്ദതയെന്നോ, നിസ്സഹായതയെന്നോ,
നോവുകള്‍ നനഞ്ഞിറ്റുന്ന
ഈ പഥികതയില്‍ 
നിന്‍റെ ഹൃദയമെങ്കിലും മിടിക്കുന്നുണ്ടല്ലോ..
.
സ്തൂപികാഗ്രകള്‍ നിന്‍റെ യാത്രയില്‍
ദിശാസൂചകങ്ങള്‍...
സ്വപ്‌നങ്ങള്‍ നിന്‍റെയനുഗാമികള്‍..!
.
പിന്നിലേക്ക്‌
കണ്ണുകള്‍ കൊണ്ട് നോക്കരുത്..
മുന്നിലേക്ക്‌ മനസ്സ് കൊണ്ടും..!
ഏതോ പാദപതനങ്ങള്‍
ഏകാനതയും, മൌനവും കൊന്നു
നിന്‍റെ സ്വത്വവും കവര്‍ന്നു പോയേക്കാം..!!
.
വഴിയില്‍ കിളിര്‍ക്കുന്ന നോവ്‌ മരങ്ങള്‍
നിന്‍റെ വിരല്‍തുമ്പുകളില്‍ ‍അലിഞ്ഞിറങ്ങി 
മഷിച്ചാലുകളിലേക്ക് സംക്രമിക്കും മുന്‍പ്
ഒരു കറുത്ത സ്വപ്നത്തിന്‍റെയില
എനിക്കു വേണം..  
നീ തിരിച്ചെത്തുന്ന വഴിയുടെയറ്റം 
നിനക്ക് തന്നെ തിരിച്ചു നല്‍കാന്‍..

----ശുഭം---

ഒരു കാറ്റ് മടങ്ങുന്നു..


ഒരു കാറ്റ് മടങ്ങുന്നു..
ചുരങ്ങളില്‍ ചുരമാന്തി
ചരിത ശല്‍ക്കങ്ങളായ്
സ്ഖലിക്കുന്ന സ്വപ്‌നങ്ങള്‍,
ഇതിഹാസ വചസ്സുകള്‍
ഈ ശ്ലഥരഥ്യയില്‍ ബാക്കി വെച്ച്
കാറ്റ് മടങ്ങുന്നു.. 

ശോധനയില്ലാത്ത
പ്രജാപതികള്‍ക്ക് മേല്‍
കാറ്റ്, ഒരു വാക്കിന്‍റെ മുനയായ്
കഠാരയുടെ കനമായ്
തൂങ്ങിക്കിടന്നിരുന്നു.. 

കടല്‍ത്തീരങ്ങള്‍
പിറവിയുടെ ഉപ്പുരസം തേച്ച
നഗ്നതയാണെന്നു
കാറ്റന്നടക്കം പറഞ്ഞിരുന്നു .. 

ഊശാന്‍ താടി, കണ്ണട, ജുബ്ബ
ബുധിജീവിക്കുടുമകളല്ലെന്ന്,
യാത്രകള്‍ പലായനങ്ങളല്ലെന്ന്
കാറ്റ് കലഹിച്ചിരുന്നു... 

ഇന്ദ്ര പ്രസ്തങ്ങളുടെ വന്ധ്യതയില്‍
ഇരുകാലി ദൈവങ്ങളുടെയന്ധതയില്‍
കാറ്റ് മൗനമുടച്ചിരുന്നു.. 

ഒടുവില്‍,
മരണ സേകത്തിന്‍റെ നോവും രുചിച്ച്....
ഓര്‍മ്മയില്‍ ഉര്‍വ്വരശ്ലോകം വിതച്ച്..... 
 
മറവിയുടെ മഴയെപ്പഴിച്ച്....
കാറ്റ് വേര്‍പിരിയുന്നു.. 

....

മരിക്കുന്നവന്‍റെ ഓര്‍മ്മ..

മറവിയുടെ കറുത്ത രഥത്തില്‍ 

മരണത്തിന്‍റെ തണുത്ത മരവുരിയുമായ്‌ 
മടങ്ങുന്നതിന് മുന്‍പ്‌, 
എനിക്കൊന്നു കൂടി 
ചെയ്തു തീര്‍ക്കാനുണ്ട്... 
ചെറിയ ചെറിയ മരണങ്ങളായ് 
ഓരോ രാവിലും 
ഉറക്കങ്ങളെന്നിലേക്ക് 
അരിച്ചിറങ്ങുന്നതിനു മുന്‍പ്‌ 
ഞാന്‍ ചെയ്യാറുണ്ടായിരുന്നത്..!
ഞാന്‍ നിന്നെ ഓര്‍ക്കുകയാണ്..
എന്‍റെയോര്‍മ്മകളില്‍ 
നീയൊരു നൊമ്പരമായിരുന്നു..
എന്നും, 
നിന്‍റെ നോവുകള്‍ പോലെ 
നനുത്ത വിരല്‍ നീട്ടി 
സ്വപ്നങ്ങളെന്‍റെ മനസ്സില്‍ 
നഖക്ഷതങ്ങളെല്‍പ്പിച്ചു.
നീയെന്‍റെ സഖിയായ്‌ തീര്‍ന്നത് 
സ്വപ്‌നങ്ങള്‍ 
ബാധ്യതകളായ് മാറിയപ്പോഴല്ല... 
പ്രത്യയശാസ്ത്രങ്ങളില്‍ 
പ്രണയത്തിന്‍റെ നിര്‍വചനം 
മഷി പരന്നു കട്ടപിടിച്ചപ്പോഴല്ല... 
ഞാന്‍ നിന്നെ സ്നേഹിച്ചത് കൊണ്ടു മാത്രം..!
ഞാന്‍ നിന്‍റെ നിഴലായ്‌ തീര്‍ന്നത് 
വെയില്‍ത്തുമ്പികള്‍ 
സൂര്യന്‍റെ കൂട്ടിലുണര്‍ന്നത് കൊണ്ടല്ല.. 
നിലാവിന്‍റെ 
സ്വര്‍ണ്ണനാളങ്ങള്‍ 
പെയ്തിറങ്ങിയത് കൊണ്ടല്ല.. 
നീ നിന്‍റെ നിഴലായി 
എന്നെ മാറ്റിയത് കൊണ്ടു മാത്രം..!! 
ഈ കടുത്ത നോവിന്‍റെ നിറങ്ങള്‍ 
എന്‍റെയാത്മാവില്‍ 
സൂചിമുനകള്‍ പോലെ 
ഒലിച്ചിറങ്ങുമ്പോള്‍ 
എനിക്ക് ചെയ്യാനാവുന്നതും 
ഇത്ര മാത്രം..;
നിന്നെയോര്‍മ്മിക്കുക...!!! 

....