Tuesday, March 31, 2015

രാഷ്ട്രീയം, പ്രണയം പിന്നെ ഗൃഹാതുരത്വം

ചായക്കടകളില്‍ ‍ നിന്നാണ് 
രാഷ്ട്രീയത്തിന്‍റെ  
സംവാദങ്ങള്‍ക്ക് ചൂട് പിടിക്കുക... 
ബാര്‍ബര്‍ ഷാപ്പുകളില്‍ ‍ 
ഇഴകീറി പോസ്റ്റുമോര്‍ട്ടം 
നടത്തപ്പെടുന്നത് വരെ 
ഓരോ തര്‍ക്കങ്ങളും 
റോഡരുകുകളിലെ കലുങ്കുകളില്‍ 
കിങ്ങ് ബീഡി വലിച്ചിരിക്കുന്നുണ്ടാകും... ! 


ബസ്സ്‌സ്റ്റോപ്പുകളില്‍ നിന്നാണ് 
പ്രണയത്തിന്‍റെ പുസ്തകത്തിലെ 
ആദ്യതാള്‍ മറിക്കപ്പെടുക 
കടല്‍ത്തീരത്തെ 
അന്തിച്ചുവപ്പുള്ള ഇരുളില്‍ 
സ്വയമലിഞ്ഞു ചേരുന്നത് വരെ 
അത് ആകാശം കാണാത്ത മയില്‍പ്പീലിയായിരിക്കും..!!


മരുഭൂമികളില്‍ നിന്നാണ് 
ഗൃഹാതുരത്വത്തിന്‍റെ മഴത്തുള്ളികള്‍ 
നാം കണ്ടെടുക്കുന്നത് 
തിരിച്ചു പോകേണ്ട 
മടുപ്പിക്കുന്ന വഴികള്‍ക്ക് 
കാല്‍പ്പനികതയുടെ 
ഇല്ലാവര്‍ണ്ണങ്ങള്‍ തേച്ച് 
നമ്മള്‍ സ്വയം നഷ്ടപ്പെടും......!!!
 

......

അഞ്ച് ഒറ്റവരിക്കവിതകള്‍..

1.

കടല്‍.. 
ആകാശത്തിന്റെ 
കണ്ണീരുപ്പു 
കലര്‍ന്ന 
ജലപദം....!

2.
കനല്‍... 
അഗ്നിയുടെ 
സ്വപ്നങ്ങളില്‍ 
കുതിര്‍ന്ന 
വ്യഥ.....! 

3.
നിഴല്‍... 
രൂപങ്ങളുടെ 
അനുഗാമിയാവാന്‍ 
വിധിക്കപ്പെട്ട 
അരൂപി...! 

4.
നിലാവ്... 
രാത്രിയുടെ 
പൊള്ളാത്ത 
ഹൃദയത്തിന്റെ 
വേനല്‍...!

5.
കിനാവ്‌... 
ഉറക്കത്തിലേക്ക് 
അപ്-ലോഡ്‌ ചെയ്ത 
യൂടൂബിലില്ലാത്ത 
ഷോര്‍ട്ട് ഫിലിംസ്.....!

ഒഴുക്കിലെ പ്രിയപ്പെട്ട ഒരിലയെക്കുറിച്ച്..


കഥയായെരിഞ്ഞു തീരുന്നതിന്‍ മുന്‍പൊരു 
കഥയുടെ വ്യഥയുമായ്‌, 
വേവാത്ത മനവുമായ്, 
നോവാതെ നോവുന്നോരുടലുമായിനിയും 
നിലക്കാത്ത നിനവിനെ, 
നിണം വാര്‍ന്ന നിഴലിനെ, 
കടലിനെ, കിനാവിനെ, 
മഴയെ;
മലര്‍ പോലെ വിരിയും നിലാവിനെ 
മഷിവിരലാലെന്നുമെഴുതാന്‍ പിറന്നവള്‍.. 
*
സ്വപ്നങ്ങളില്‍, 
ജന്മദര്‍പ്പണങ്ങള്‍ പോറും
അഴലിന്‍റെ ചിഹ്നങ്ങളെരിതീക്കനല്‍ പോലെ 
പിറവിക്ക് കൂട്ടായിരുന്നു..,
അവളുടെയോര്‍മ്മകള്‍, 
ജന്മാന്തരങ്ങള്‍ക്കുമപ്പുറം 
നിയതിയുടെയിരുളില്‍ തടം തല്ലുമരുതുകള്‍, 
മൗനങ്ങള്‍ കൊണ്ടുയിര്‍ പൂണ്ട ദേവോക്തികള്‍ 
മറവിയുടെ മന്ത്രമായിണ ചേര്‍ന്നതും 
കണ്ടുറക്കെപ്പിടഞ്ഞിരുന്നു...
*
അവള്‍ തേച്ച നേരിന്‍റെ നിറമേറ്റു താളുകള്‍ 
ഋതുമതികളായ്,കൂര്‍ത്ത- 
സ്മൃതികളുടെ മുനകളില്‍ 
മൃത ഗന്ധമേറ്റോരിന്നിന്‍ പരിശ്ച്ചേദമാ-
മുത്തരാധുനിക സങ്കല്‍പ്പങ്ങളില്‍ 
വേറിട്ട പ്രത്യയ ശാസ്ത്രമായുന്‍മാദ 
സ്വേദം നനഞ്ഞ കണ്ണാടിയായിരുളിന്‍റെ 
നേര്‍ക്ക്‌ തുറിച്ചു നോക്കുന്നു.. 
ഈയിരുളിന്‍റെ നേര്‍ക്ക്‌ തുറിച്ചു നോക്കുന്നു...! 
*
അവളെയനുധാവനം ചെയ്യുവാനിന്നും 
മരണം ഭയക്കുന്നു... 
പിന്നെയെന്തിനായവളീ 
ജന്മങ്ങളില്‍ നിന്നും 
ജന്മം പകുക്കുന്ന 
പാലത്തിനരികിലൊരു
ചിരിയുമായാരെയോ കാത്തു നില്‍ക്കുന്നു...? 
ഇനിയുമായിരം കഥകള്‍ തന്‍ പേറ്റു നോവെരിയുന്ന 
ഹൃദയം സ്വയം മുറിക്കുന്നു...?? 

....

മനസ്സ്‌


മനസ്സൊരു നിരാകാര ഭാവം;
ദൈവമായ്‌,
ദേഹത്തിലിണ ചേര്‍ന്ന വാദം..
മരണം വരെ നമ്മിലിടറാതെ പാടുന്ന
ദേഹിയുടെയാര്‍ദ്രമാം രാഗം..! 

മൃതമാം പ്രതീക്ഷകള്‍,
നോവാളുമുണ്മകള്‍,
ചിതല്‍പ്പുറ്റുമൂടും കിനാവുകള്‍,
ശിബികാ ഭരിതമാം മോഹങ്ങള്‍, മൗനങ്ങ-
ളോര്‍മ്മകള്‍ ചുട്ടുപൊള്ളിക്കുന്നവ.. 

ഗതകാല സന്ധ്യകള്‍ ഗര്‍ഭ നിശ്വാസങ്ങ-
ളഗ്നിശലാക പോല്‍ കത്തിപ്പടര്‍ന്നവ..
ഇരകളായ്, വേട്ടയാടും നരിക്കൂട്ടമായ്
ദ്വന്ദ ഗന്ധങ്ങളെ പുല്‍കിപ്പിളര്‍ന്നവ.. 

മഴയേറ്റ, വെയിലേറ്റ ചിന്തകള്‍,
പ്രത്യയശാസ്ത്ര നിബദ്ധമാം നിര്‍വ്വചനങ്ങള്‍..
ദുരന്ത നിസ്തേജമാമുള്‍കാഴ്ചകള്‍ പേറി-
യുന്മാദ ബാധകളെന്നേ പുണര്‍ന്നവ.. 

ചരിതായനങ്ങളില്‍
ചതി കൂര്‍ത്ത വാളായ് തുളഞ്ഞിറങ്ങുന്നതും...
അധിനിവേശത്തിന്‍റെ ദ്രംഷ്ട്രങ്ങളില്‍
ആരുടെയോ നിണച്ചോപ്പുണങ്ങുന്നതും...
പെണ്‍കഴലുകള്‍ക്കിടെ യനാഥമാം സ്വര്‍ഗ്ഗ-
മിന്നൊരുപാട് ദൈവങ്ങള്‍ വാഴുന്നതും;
ദൈവ- പുത്രരെ പെറ്റു തളരുന്നൊരുദരങ്ങള്‍
നവവേദ പുസ്തകത്താളിലെ നേരായ്‌, വിതുമ്പലായ്
നോവിന്‍റെ വന്ധ്യ ഗന്ധം തിരയുന്നതും..
അറിയുന്നുവെങ്കിലും, അറിയാതെ നിന്ദ്യമാം
മൗനത്തെ ജപമായുണര്‍ത്തുന്നവ...
*
മനസ്സൊരു നപുംസക സ്വത്വം
ദര്‍പ്പണങ്ങളില്‍ മറവിയുടെ കാഴ്ചകള്‍
ഇരവിന്നശാന്തമാം മര്‍മ്മരങ്ങള്‍;
നോവിലുടയും നിലാവിന്‍റെ ചില്ലാടകള്‍..
*
അഴലുകള്‍ നിഴല്‍ വിരിച്ചാടും നിലങ്ങളില്‍,
ജന്മാന്തരത്തിന്‍ നിയോഗങ്ങളില്‍,
നിയതമാം വിധി തന്‍റെ നിയമങ്ങളില്‍,
നിലനില്പ്പിനായ് പേറുന്ന മനസ്സെന്ന ഭാരം...!
മരണമാം വ്രണിത സമവാക്യങ്ങളില്‍
ജീര്‍ണ്ണ സാനിധ്യമായ്, വെണ്ണീര്‍ക്കിനാവുമായ്,
കണ്ണുനീര്‍ കത്തിപ്പഴുപ്പിച്ചോരോര്‍മ്മയായ്
ബാക്കിയാവുന്നുവീ മനസ്സെന്ന ഭാണ്ഡം...!! 

.....

സ്തൂപികാഗ്രകള്‍ക്കിടയിലൂടെ..


സഖീ..
കാല്പാടുകള്‍ കൊഴിയുന്ന പൂവിതളുകളായി
പിന്നിട്ട പാതയില്‍ ബാക്കിയാവുന്നത്
ഓര്‍മ്മകള്‍ കൊണ്ട് നീ കണ്ടെടുക്കണം..
ഏകാന്തതയെന്നോ, വിജനതയെന്നോ,
പേരുകള്‍ കൊണ്ട് മുറിച്ചിടാനുള്ള
ഈ ഒറ്റപ്പെടലില്‍, 
നിഴലെങ്കിലും നിനക്ക് കൂട്ടിനുണ്ടല്ലോ..
നിശബ്ദതയെന്നോ, നിസ്സഹായതയെന്നോ,
നോവുകള്‍ നനഞ്ഞിറ്റുന്ന
ഈ പഥികതയില്‍ 
നിന്‍റെ ഹൃദയമെങ്കിലും മിടിക്കുന്നുണ്ടല്ലോ..
.
സ്തൂപികാഗ്രകള്‍ നിന്‍റെ യാത്രയില്‍
ദിശാസൂചകങ്ങള്‍...
സ്വപ്‌നങ്ങള്‍ നിന്‍റെയനുഗാമികള്‍..!
.
പിന്നിലേക്ക്‌
കണ്ണുകള്‍ കൊണ്ട് നോക്കരുത്..
മുന്നിലേക്ക്‌ മനസ്സ് കൊണ്ടും..!
ഏതോ പാദപതനങ്ങള്‍
ഏകാനതയും, മൌനവും കൊന്നു
നിന്‍റെ സ്വത്വവും കവര്‍ന്നു പോയേക്കാം..!!
.
വഴിയില്‍ കിളിര്‍ക്കുന്ന നോവ്‌ മരങ്ങള്‍
നിന്‍റെ വിരല്‍തുമ്പുകളില്‍ ‍അലിഞ്ഞിറങ്ങി 
മഷിച്ചാലുകളിലേക്ക് സംക്രമിക്കും മുന്‍പ്
ഒരു കറുത്ത സ്വപ്നത്തിന്‍റെയില
എനിക്കു വേണം..  
നീ തിരിച്ചെത്തുന്ന വഴിയുടെയറ്റം 
നിനക്ക് തന്നെ തിരിച്ചു നല്‍കാന്‍..

----ശുഭം---

ഒരു കാറ്റ് മടങ്ങുന്നു..


ഒരു കാറ്റ് മടങ്ങുന്നു..
ചുരങ്ങളില്‍ ചുരമാന്തി
ചരിത ശല്‍ക്കങ്ങളായ്
സ്ഖലിക്കുന്ന സ്വപ്‌നങ്ങള്‍,
ഇതിഹാസ വചസ്സുകള്‍
ഈ ശ്ലഥരഥ്യയില്‍ ബാക്കി വെച്ച്
കാറ്റ് മടങ്ങുന്നു.. 

ശോധനയില്ലാത്ത
പ്രജാപതികള്‍ക്ക് മേല്‍
കാറ്റ്, ഒരു വാക്കിന്‍റെ മുനയായ്
കഠാരയുടെ കനമായ്
തൂങ്ങിക്കിടന്നിരുന്നു.. 

കടല്‍ത്തീരങ്ങള്‍
പിറവിയുടെ ഉപ്പുരസം തേച്ച
നഗ്നതയാണെന്നു
കാറ്റന്നടക്കം പറഞ്ഞിരുന്നു .. 

ഊശാന്‍ താടി, കണ്ണട, ജുബ്ബ
ബുധിജീവിക്കുടുമകളല്ലെന്ന്,
യാത്രകള്‍ പലായനങ്ങളല്ലെന്ന്
കാറ്റ് കലഹിച്ചിരുന്നു... 

ഇന്ദ്ര പ്രസ്തങ്ങളുടെ വന്ധ്യതയില്‍
ഇരുകാലി ദൈവങ്ങളുടെയന്ധതയില്‍
കാറ്റ് മൗനമുടച്ചിരുന്നു.. 

ഒടുവില്‍,
മരണ സേകത്തിന്‍റെ നോവും രുചിച്ച്....
ഓര്‍മ്മയില്‍ ഉര്‍വ്വരശ്ലോകം വിതച്ച്..... 
 
മറവിയുടെ മഴയെപ്പഴിച്ച്....
കാറ്റ് വേര്‍പിരിയുന്നു.. 

....

മരിക്കുന്നവന്‍റെ ഓര്‍മ്മ..

മറവിയുടെ കറുത്ത രഥത്തില്‍ 

മരണത്തിന്‍റെ തണുത്ത മരവുരിയുമായ്‌ 
മടങ്ങുന്നതിന് മുന്‍പ്‌, 
എനിക്കൊന്നു കൂടി 
ചെയ്തു തീര്‍ക്കാനുണ്ട്... 
ചെറിയ ചെറിയ മരണങ്ങളായ് 
ഓരോ രാവിലും 
ഉറക്കങ്ങളെന്നിലേക്ക് 
അരിച്ചിറങ്ങുന്നതിനു മുന്‍പ്‌ 
ഞാന്‍ ചെയ്യാറുണ്ടായിരുന്നത്..!
ഞാന്‍ നിന്നെ ഓര്‍ക്കുകയാണ്..
എന്‍റെയോര്‍മ്മകളില്‍ 
നീയൊരു നൊമ്പരമായിരുന്നു..
എന്നും, 
നിന്‍റെ നോവുകള്‍ പോലെ 
നനുത്ത വിരല്‍ നീട്ടി 
സ്വപ്നങ്ങളെന്‍റെ മനസ്സില്‍ 
നഖക്ഷതങ്ങളെല്‍പ്പിച്ചു.
നീയെന്‍റെ സഖിയായ്‌ തീര്‍ന്നത് 
സ്വപ്‌നങ്ങള്‍ 
ബാധ്യതകളായ് മാറിയപ്പോഴല്ല... 
പ്രത്യയശാസ്ത്രങ്ങളില്‍ 
പ്രണയത്തിന്‍റെ നിര്‍വചനം 
മഷി പരന്നു കട്ടപിടിച്ചപ്പോഴല്ല... 
ഞാന്‍ നിന്നെ സ്നേഹിച്ചത് കൊണ്ടു മാത്രം..!
ഞാന്‍ നിന്‍റെ നിഴലായ്‌ തീര്‍ന്നത് 
വെയില്‍ത്തുമ്പികള്‍ 
സൂര്യന്‍റെ കൂട്ടിലുണര്‍ന്നത് കൊണ്ടല്ല.. 
നിലാവിന്‍റെ 
സ്വര്‍ണ്ണനാളങ്ങള്‍ 
പെയ്തിറങ്ങിയത് കൊണ്ടല്ല.. 
നീ നിന്‍റെ നിഴലായി 
എന്നെ മാറ്റിയത് കൊണ്ടു മാത്രം..!! 
ഈ കടുത്ത നോവിന്‍റെ നിറങ്ങള്‍ 
എന്‍റെയാത്മാവില്‍ 
സൂചിമുനകള്‍ പോലെ 
ഒലിച്ചിറങ്ങുമ്പോള്‍ 
എനിക്ക് ചെയ്യാനാവുന്നതും 
ഇത്ര മാത്രം..;
നിന്നെയോര്‍മ്മിക്കുക...!!! 

....

പടുതയുടെ കാഴ്ച


ഷര്‍ബത് ഗുല,
നിന്‍റെ കണ്ണുകള്‍ക്ക്‌ മേല്‍
കാലം നെയ്ത മൂടുപടങ്ങളെക്കുറിച്ച്
ഞാന്‍ പറയട്ടെ... 

ചരിത്രങ്ങളെ മൂടുവാന്‍
കറുത്ത മറവികളുടെ
കൂര്‍ത്ത തിരുത്തലുകളുടെ
മുഖം മൂടികളെന്നുമുണ്ടായിരുന്നു! 

'തോറാബാറ*'യുടെ ചെരിവുകളിലെ
പൊടിക്കാറ്റെല്‍ക്കാതിരിക്കാനോ
ദുരന്തങ്ങളെ കണ്ടു പേടിക്കാതിരിക്കാനോ
ഒന്നിനുമായിരുന്നില്ല
ആ മുഖപടങ്ങളെന്നെനിക്കറിയാം.
നിനക്ക് മുന്‍പില്‍
കാഴ്ചകള്‍ നഗ്നങ്ങളായിരുന്നു!

തുളയുന്ന നിന്‍റെ നോക്കില്‍,
കാലത്തിനോടുള്ള കലഹവും
ഭൂതത്തിനോടുള്ള ഭയവും
യാത്രകളുടെ ദൈന്യതയും
തളംകെട്ടി നിന്നിരുന്നു.. 

ഷര്‍ബത് ഗുല,
ഇനി നിന്‍റെ കണ്ണുകള്‍ക്ക്‌ മേല്‍
നീ കാഴ്ചകളുടെ പടുതയിടുക;
അവര്‍ക്ക്‌ എറിഞ്ഞുടക്കുവാനിനി
ആ കണ്ണുകള്‍ മാത്രമല്ലേ ബാക്കിയുള്ളൂ..!?

----------ശുഭം-----------

സമര്‍പ്പണം:
അഭ്യന്തര യുദ്ധത്തിനിടയില്‍, തീവ്രവാദത്തിനിടയില്‍ അവഗണിക്കപ്പെടുന്ന, ഒറ്റപ്പെടുന്ന, ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തിന്..
(തോറാബാറ: അഫ്ഗാനിലെ ഒരു പര്‍വതം)

കറുപ്പും, വെളുപ്പും

നിശാഗന്ധികള്‍ക്ക്
വിരിയാനായൊരു പകലിനി
വരാനില്ല..
രാക്കനവുകള്‍ക്ക്
നുറുങ്ങിവീണ നിലാവിന്‍റെ
നോവിലുറയുന്ന മധുരം..
പകല്‍ക്കിനാവുകള്‍
അനാഥമായ മഴ പോലെ..
ഓര്‍മ്മകള്‍ക്ക് മേലെ
ഗൃഹാതുരതയുടെ മേലങ്കിയണിഞ്ഞ്
ഭൂതകാലം..! 

അര്‍ദ്ധവിരാമാത്തിന്‍റെ
വര്‍ണ്ണചിഹ്നവുമേന്തിയാണ്
സന്ധ്യകള്‍ വിരുന്നെത്തുക..
പകലും രാത്രിയും
ഇണകളെപ്പോലെ പരസ്പരമലിഞ്ഞു
കടലിനു മേലെ
മേഘത്താളിലെഴുതി നിറച്ച
നിറങ്ങളിലേക്ക് വിലയിച്ച്...! 

ജന്മങ്ങള്‍ക്കിടയിലെ
സന്ധ്യയിലാണ് ഞാനിപ്പോള്‍.
ചക്രവാളത്തിനും,
ചക്രവാകങ്ങള്‍ക്കും,
മേഘങ്ങള്‍ക്കും
കടല്‍ത്തിരകള്‍ക്ക് പോലും
ഒരേ നിറം.. 

(മരണത്തിനു പലപ്പോഴും കറുത്ത നിറമാണ്..!)

വെയിലിനെക്കുറിച്ച്..

നഷ്ടപ്പെട്ട സൂര്യകിരണങ്ങള്‍ 

എനിക്ക്
വര്‍ഷകാലത്തിന്‍റെ ദുഖമാകുന്നു.
ഒരു കഴുമരം
എനിക്കായ് കാത്തിരുന്ന
ഭൂതകാലത്തില്‍,
ചിതറിത്തെറിച്ച തലച്ചോറില്‍
അബോധങ്ങളുടെ രക്തബിന്ദുക്കള്‍ പരന്നൊഴുകിയ
പഴമയുടെ സ്വപ്നത്തില്‍
ഞാന്‍ സ്വയമൊരുക്കിയ ശവക്കുഴി.
എന്‍റെ നഗ്നത
പിറവിയുടെ വിഭ്രാത്മകത
.
ഒരു നിഴലില്‍ നിന്ന് 
മറ്റൊരു നിഴലിലേക്കുള്ള 
പ്രവാഹദൂരങ്ങളില്‍ നിന്ന്
ഞാനെന്നെ;
നിന്നെയും തിരിച്ചറിഞ്ഞു.
എന്‍റെയോര്‍മ്മയുടെ ചിതല്‍ 
നിന്‍റെ ചിന്തയെ കാര്‍ന്നുതിന്നത് 
ഞാനറിഞ്ഞിരുന്നു.
*
ഇപ്പോള്‍ 
നഷ്ടപ്പെട്ട നിന്‍റെ വെയില്‍ച്ചൂട് 
മനസ്സിലെരിയുന്ന സത്യമാണ്..! 

...

മരുഭൂമിയെ കുറിച്ച്..

മണല്‍ത്തരികള്‍ 

അശാന്തമായ മൌനവുമായി
ഉഷ്ണമാപിനികളെ പൊള്ളിച്ചു
കാറ്റിന്‍റെ വിരല്‍ത്തുമ്പിലിളകി
യാത്ര ചെയ്യുന്നൊരിടം..!
പിറവിയുടെ നൈമിഷികതയുമായി
സാകേതങ്ങള്‍..
ഒരു നിമിഷത്തിലെ പര്‍വതം
മറു നിമിഷത്തിലെ സമതലമായി;
ജീവിതം നിര്‍വചനമായി
ഇവിടെ വിയര്‍ത്തു കിടക്കുന്നു..!
മരീചികയിലേക്ക് തുറക്കപ്പെടുന്ന
അദൃശ്യ ജാലകങ്ങള്‍..
കണ്ണുകള്‍ സാധ്യതകളുടെ
ദൃശ്യവത്കരണ ദര്‍പ്പണങ്ങള്‍..!
മരുഭൂവിലേക്കെറിഞ്ഞുടയാന്‍
മേഘമൊരു സ്ഫടികദളമായിരുന്നെങ്കില്‍
എന്‍റെയാത്മാവിലെരിയുന്ന
ഏകാന്തതയുടെ ഊഷരശ്മശാനങ്ങള്‍
നനഞ്ജോടുങ്ങുമായിരുന്നു ..
മഴയുടെ നഗ്നതയിലേക്ക് തപസ്സിരിക്കാന്‍
മരുവിലെ ചിതറുന്ന മണല്‍കൊമ്പിലേക്ക്
എന്നാണൊരു വേഴാമ്പലിന്‍റെ പുറപ്പാട്....?? 

ജീവിതചക്രം


1.
ആകാശത്തിന്‍റെ മസ്ലിന്‍ തുണിയില്‍
നക്ഷത്രങ്ങളെ തുന്നി ചേര്‍ത്തത്
നിന്‍റെ നഖക്ഷതങ്ങളായിരുന്നു..,
രാത്രികളില്‍ തിളങ്ങുന്ന പൂച്ചക്കണ്ണുളാണ്
അവയെന്ന് ഞാന്‍ പതം പറഞ്ഞുവെങ്കിലും..! 

അടിവയറില്‍ ചേര്‍ത്ത് വെച്ച കൈകള്‍ക്ക്
ഒരു നക്ഷത്രത്തിന്‍റെ ഭാരം
താങ്ങാവുന്നതിനും അപ്പുറം.. 

ഉദരത്തില്‍ ഉദിച്ചുയര്‍ന്ന നക്ഷത്രത്തെ ക്കുറിച്ച്
നീ വാചാലയായത്തിനു ശേഷം
നക്ഷത്രങ്ങളെ ഞാന്‍ വെറുത്തു തുടങ്ങി..
നക്ഷത്ര ശൂന്യമായ ആകാശമായി ജീവിതം..!

(ഇരുളിലേക്ക് മുറിച്ചിറങ്ങാന്‍
അന്ധതയുടെ കാഴ്ചകളുമായി സ്വപ്‌നങ്ങള്‍..
ഞെട്ടിയുണര്‍ന്നത്‌ ഉറക്കത്തില്‍ നിന്നായിരുന്നില്ല;
മൗനം തളിര്‍ക്കുന്ന ആ സ്വപ്നങ്ങളില്‍ നിന്ന്..!)



2.
മണിയറയിലെ അടക്കം പറച്ചിലുകള്‍ക്ക്
ഒരു ആപ്പിള്‍പാപത്തോളം പഴക്കമുണ്ടത്രേ..
എന്‍റെയധരങ്ങളുടെ ഇരകളായി
മറ്റൊരുവളുടെ ശ്രവണേന്ത്രിയങ്ങള്‍..! 

(മാസം തികയാതെ ഉദിച്ച ഒരു നക്ഷത്രം
എന്‍റെ നെഞ്ചില്‍ മഴ നനക്കുകയാണിപ്പോള്‍..)

എന്‍റെ കണ്ണുകളും മൂക്കുകളും
അവനില്‍ തിരഞ്ഞു പരാജിതനായി
വെറുമൊരച്ഛനായി,
ആയുസ്സിന്‍റെ പുസ്തകത്താളുകള്‍
മറിഞ്ഞു തീര്‍ന്ന്
സ്വയം നഷ്ടപ്പെടെണ്ട നിയോഗത്തിന്‍റെ ഇരയായി,
വെറുമൊരു മനുഷ്യനായി,
ഞാന്‍ ബാക്കിയാവുന്നു..!!

....

----ശുഭം----

രാക്കവിത


ഇരുള് മുളച്ച രാത്രിമരം
കരളു മുറിച്ച നോവിന്‍റെ വേരുകള്‍..
ജലച്ചില്ലകള്‍ കടലിലേക്ക് നീട്ടിയെറിഞ്ഞു
മണ്ണ്‍ പുതച്ച ഒരു പുഴപ്പാട്ട്...
നരച്ചമാനത്ത്
ചിരിക്കുന്നത്,
എന്നോ മരിച്ച നക്ഷത്രങ്ങള്‍.. 

ആഴങ്ങളിലേക്ക്,
നീ നട്ട മൂകതയുടെ വിത്തുകള്‍ മുളയ്ക്കുന്നു..
വിരഹമെന്നു പേരുമാറ്റി വിളിക്കുന്നു..
വസന്തത്തെ അടര്‍ത്തിമാറ്റി
ഗ്രീഷ്മം എന്ന് സ്വയം പറയുന്ന
ശരത്കാലം നിറയുന്നു... 

ഒരൊറ്റ രാത്രിയെ രണ്ടു പകല് കൊണ്ട്
അമര്‍ത്തിപ്പിടിച്ചു
ദിവസമെന്ന് മുരളുന്ന
ഒരിക്കലും പെയ്യാത്ത
തോരാമഴയിലേക്കാണ്
എന്‍റെ നിദ്രയെ ഞാന്‍ അഴിച്ചു വിടേണ്ടത്...!  

......

തെരുക്കവി



അന്നു നീ കനവുകള്‍ കൊണ്ടൊ- 
രത്താഴം ഒരുക്കിവെച്ചു; 
നിന്‍റെ- പിഞ്ചു മോഹങ്ങളെ  
ഊട്ടിയുറക്കുവാന്‍..!
പാതിപോലും നിറയാത്തൊരുദരത്തി-  
ലുദാത്തമാം കവിതകള്‍ മാത്രം; 
അത് നിന്‍റെ പശിയടക്കുന്നു.. 
നീ നിന്‍റെയഴല്‍ മറക്കുന്നു..! 

തെരുവിലെക്കവിയാണ് നീ......  
തീരാ- നോവിന്‍റെ കനലാണ് നീ...! 

നേരുള്ള നിനവുകള്‍ 
എരിവുള്ള ജീവിതം 
പിടയുന്ന വാക്കുകള്‍ 
പടരുന്ന കവിത...!!! 

തെരുവിലെക്കവിയാണ് നീ......  
തീരാ- നോവിന്‍റെ നിഴലാണ് നീ...! 

(എരിതീയിലുരുകുന്നൊരീയലോ ജന്മം?? 
വറുതിയില്‍ വിരിയുന്ന 
പൂക്കളോ  കാലം?? 
ജീവിച്ചിരിക്കേ കാണാത്ത പാദങ്ങള്‍ 
മരണശേഷം പാടിവാഴ്ത്തുന്ന  ലോകമേ...!! )

തെരുവിലെക്കവിയാണ് നീ 
എന്‍റെ- ഉയിരിലെത്തിരിയാണ് നീ....! 

നീ തകര്‍ത്തേതോ മതില്‍ക്കെട്ടുകള്‍ 
മനസ്സിന്‍റെ മേലേ പണിഞ്ഞതാണാരോ.. 
നീ വരച്ചിട്ടതാം പാതകള്‍ കവിത തന്‍ 
വിരല്‍ നീട്ടിയെന്നെ വഴി നടത്തുന്നു.. 

തെരുവിലെക്കവിയാണ് നീ 
എന്‍റെ- ഇരവിന്‍റെ നിലവാണ് നീ.. 

നീ കെട്ടിയാടിയ വേഷങ്ങള്‍ 
നിയതിയുടെ ദോഷങ്ങള്‍ തീണ്ടിയും;  
സദാചാര ത്തെരുവിലെ 
വിഷപാന പാത്രമായ്  
നീ തന്നെ  മാറിയും....!! 

ഒടുവില്‍, 
ഉറുമ്പരിച്ച  കവിതയായ്  
നീ തന്നെ നിന്നെ വായിച്ച്  വായിച്ച്.....!!  

.....

പ്രവാസികളെക്കുറിച്ച്..


മണലാരണ്യപ്പെരുവഴിയോരം
ചിതയെരിയും തീയാളുന്നു...
കനവുയിരില്‍ കത്തിയമര്‍ന്ന-
പ്രവാസികളുടെ മനമുരുകുന്നു...

ഇവിടെപ്പകലന്തികലുഷ്ണ-
ച്ചുടലകളില്‍, നെടുവീര്‍പ്പുകളില്‍
തളരും കാല്‍ച്ചുവടുകളാലെ
നിനവൊരു നൊമ്പരമണിയുന്നു...

ഒരു സ്വപ്നച്ചിറകടിയേറി-
ക്കടലു കടന്നിട്ടൊടുവില്‍ നേടി-
പ്പെരുകിയ ദുരിതപ്പാരാവാര-
ത്തിരകളിലാരു വിതുമ്പുന്നു?

ഇതു വിധിയുടെ തടവറയാകാ-
മിതു സ്വര്‍ഗത്തിന്നിടവഴിയാകാ-
മിതു നാമെന്നോ കേട്ട് മടുത്തോ-
രറബിക്കഥയുടെ മണ്‍നിഴലാകാം!

ഈ ജീവിതസമരത്താളില്‍
ചുടുനിണ മൊഴുകി പ്പോറിയ-
ചുടല മണക്കും മോഹത്തിന്‍റെ വചസ്സ്‌!
ഈയൂഷര മേഘച്ചെരുവില്‍
ചുട്ടു വിയര്‍ത്തു നനഞ്ഞൊരു ചിത്ത-
ക്കുരുവി കരഞ്ഞു തിരഞ്ഞ സരസ്സ്!

എവിടെ നിന്‍ നാട്ടില്‍ നിന്നും
പാറി വരുന്നൊരു ലോഹവിഹംഗം?
എവിടെ നിന്‍ പ്രേയസി തന്‍
കണ്ണീരാലാലെഴുതിയ ലിഖിത പതംഗം?

ഈ വിരഹ വിയോഗം നിന്‍റെ-
നിയോഗത്തിന്‍റെ നഖപ്പാടായി-
ക്കരളലണിഞ്ഞ മുറിപ്പാടായി-
ക്കരയും നിന്‍റെ നിഴല്‍പ്പാടായി!

ഇനി തിരികെപ്പോകാന്‍ നിന്‍റെ-
യിളം കനവേകിയ ബാല്യത്തിന്‍റെ
മരത്തണലില്‍ മണ്ണപ്പം ചുട്ടു വിളമ്പാ-
നോര്‍മ്മത്തോഴികള്‍ മാത്രം!

ഇനിയും നിന്‍ ജന്മത്തിന്‍റെ
കനല്‍പ്പുടവത്തുമ്പില്‍ കരുതുന്നു;
മണല്‍ക്കാറ്റെറ്റാലും കൊഴിയാത്ത-
മരിക്കാത്തൊരുപിടി യോര്‍മ്മകള്‍ മാത്രം!!

----ശുഭം----
സമര്‍പ്പണം:
മറ്റുള്ളവര്‍ ജീവിക്കുന്നതിനു വേണ്ടി സ്വന്തം ജീവിതം മറക്കുന്ന എന്‍റെ പ്രിയപ്പെട്ട പ്രവാസികള്‍ക്ക്

രാത്രി


കറുത്ത ചേലയുടുത്ത രാത്രി;
ആര്‍ത്തനെന്‍ വ്യര്‍ത്ഥ സ്വപ്നങ്ങളെ
നെഞ്ചിലേറ്റുന്ന രാത്രി.
കറുത്ത വേശ്യയായ് രാത്രി;
നേര്‍ത്ത വിങ്ങലായുള്‍പ്പരപ്പിലേക്ക്
ബീജങ്ങളിഴയുന്ന രാത്രി.
കടുത്ത പ്രവാഹങ്ങളായോര്‍മ്മ-
യിഴ പൊട്ടിയാര്‍ക്കുന്ന രാത്രി;
സ്മരണശാപങ്ങളുടെ ധാത്രി.
ഉറയുന്ന ചങ്ങലക്കണ്ണിക-
ളുള്‍ക്കണ്ണു പൊതിയുന്ന രാത്രി;
ഭഗ്ന ശാപാര്‍ത്ഥകത്തിന്‍റെ സാക്ഷി..!
*
നിഴലുകളിലെന്നെ ഞാന്‍ തിരയുന്ന രാത്രി..
എന്‍ കാല്‍പ്പാടു തേടുന്ന മിഴികളെ,
നഗ്നമാം ചേതനകളിറ്റും മനസ്സിനെ,
ബോധങ്ങളുള്‍ക്കാമ്പ് പോറും തലച്ചോറിനെ,
സ്വരച്ചീളാലുണര്‍ത്തുന്ന രാത്രി.
കനത്ത മാറു ചുരന്ന രാത്രി,
ദുഗ്ദ്ധമായ് മഴത്തുള്ളിയിരച്ചെത്തി-
യെന്‍റെ നഗ്നതയിലഴയുന്ന രാത്രി.
നനുത്ത പ്രണയം നരച്ച രാത്രി,
എന്‍റെ രഥ്യയിലൊരീറനാം മയില്‍‌പ്പീലി
കാമ നേദ്യമായുതിരുന്ന രാത്രി.

പലായനങ്ങളുടെ രാത്രി....
ഇരുളിന്‍റെ മറപറ്റിയകലേക്ക്
ഒരേകന്‍റെ പദനിസ്വനങ്ങള്‍ ;
ചക്രവാളത്തിന്‍ മരീചിക... 

നഗരായനങ്ങളിലെ രാത്രി....
ത്വരപൂണ്ട ജീവിതപ്പാശങ്ങളില്‍
പെട്ട് ചതയുന്ന വനരോദനങ്ങള്‍;
ഗലികളുടെ നിര്‍വ്വികാരത... 

അധിനിവേശങ്ങളുടെ രാത്രി....
ആര്‍ത്തനാദങ്ങലുള്‍ത്തടം-
കോറുന്നോരായോധനങ്ങള്‍;
വിപ്ലവത്തിന്‍റെ വന്ധ്യത..!
*
ഇനിയെന്‍റെയവസാന രാത്രി..
മഹാപ്രളയമേകും
വിരാമ ചിഹ്നങ്ങളായ്
ഓര്‍മ്മയില്‍ മറവിയുടെ
മൗനശാപങ്ങള്‍;
ഇരുളിന്‍റെ ശാന്തത...! 

....

ദൃക്സാക്ഷിയോട്


കണ്ണേ മടങ്ങുക;
കണ്ണാടി പോലും
നടുങ്ങുന്ന നേരാണ് മുന്നില്‍..
മണ്ണോടു ചേരുന്നതിന്‍ മുന്‍പ് കാണുവാന്‍
മണ്ണിലൊരു നരകം വിളിക്കുന്നു..! 

ആതുരഗൃഹത്തിന്‍റെ മൌനങ്ങളില്‍
ആകുലവേപമാലാര്‍ക്കുമീ നഗ്നത..
ആരോ വിശപ്പിന്‍റെ തീച്ചൂളയില്‍
അഗ്നിനാളമായുരുകിത്തിളക്കുന്നു..! 

കണ്ണേ മറക്കുക;
കണ്ണീര്‍ തുടക്കുക..
ഭഗ്നമാം ദുസ്വപ്നമൂറുന്നൊരോര്‍മ്മയെ
വെണ്ണീറു കൊണ്ട് പുതക്കുക..
വിഷഗന്ധമേറ്റ നെല്മണികള്‍ വിതക്കുക;
വിധി മൌനമായേറ്റു വാങ്ങാന്‍ പഠിക്കുക..!  

പൊട്ടിപ്പിളര്‍ന്ന കപാലങ്ങള്‍ തേടി 
നട്ടതീ വിദ്യാകലാപങ്ങള്‍;
കെട്ട നപുംസകസ്പന്ദനങ്ങള്‍
നാട്ടിന്നിച്ഛയറിയാത്ത സചിവാരവങ്ങള്‍..!! 

കണ്ണേയൊടുങ്ങുക;
മണ്ണായ്‌ നുറുങ്ങുക...
മതില്‍ കെട്ടി മുറിയുന്ന,
ചിത നീറ്റിയെരിയുന്ന,
മലയാണ്മ തന്‍ ചരിതായനത്തില്‍..
നില തെറ്റി വീഴുന്ന യൊവ്വനത്തില്‍..
ഈ നന്ഗ്ന ശോകത്തില്‍..;
മണ്ണിനെ, മരങ്ങളെ,
പുഴയെ, മേഘങ്ങളെ,
ചിന്തകളിറ്റുന്ന സിരയെ-
സംസ്കൃതിയെ
വില പേശി വില്‍ക്കുന്ന ജാരസേകത്തില്‍
ഇനിയെന്തിനായ്‌ കാത്തുനില്‍ക്കുന്നു..??
*
ഇനിയെറിയാനൊരു പരശുവില്ലത്രേ...!
ഇനിയും വരാനൊരു രാമനില്ലത്രേ....!!



----------

പിന്‍കാഴ്ച


തീരാത്തൊരഴലിന്‍റെ 
മഷിയില്‍ മുക്കിത്തേച്ച
മായാതെ മായുന്ന
പടമാണ് ജീവിതം..
ഉടയാത്ത മൌനത്തിന്‍
കടലായിരം തീര്‍ത്ത
വാചാലമാം തിരക-
ളാണെന്‍റെ പ്രണയം..
മഴയുടെ കുളിര്‍വിരല്‍
തുമ്പു കൊണ്ടീ കാല-
ദര്‍പ്പണത്തില്‍ പോറു-
മീറനാം ബാല്യം...
പുലരിയില്‍ വെയില്‍ മേഞ്ഞ
പാതയില്‍ പതിയെ-
യലിയുന്ന ഹിമബിന്ദു-
വാണെന്‍റെ യൌവനം..
പുഴയുടെ പുളിനപദനങ്ങളില്‍
ഒഴുകി..
ഒഴുകിയലയുന്നൊരോടങ്ങ-
ളോര്‍മ്മകള്‍..!
ഇരവിലെയിരുള്‍ തേഞ്ഞ
നിലവിന്‍റെ നെറുകയില്‍
ചന്ദനം ചാര്‍ത്തുന്ന
സ്മൃതിയുടെ സുഗന്ധം..!!
**

മേ സിയാദ

ശരത്കാലം..
നഗ്നരായ മരങ്ങളുടെ 
തണലില്ലാത്തണലില്‍ 
നാമൊരുമിച്ച സായന്തനത്തില്‍,  
നക്ഷത്രങ്ങളുടെ നഖക്ഷതങ്ങളേല്‍ക്കുവാന്‍ 
വെമ്പുന്ന രാത്രിയുടെ 
തൃഷ്ണയായിരുന്നു നിന്നില്‍.. 

കൊഴിഞ്ഞു വീണ ഓരോ ഇലകളിലും, 
നഷ്ടപ്പെട്ടു പോയ തന്‍റെ സ്വപ്നങ്ങളെ തിരഞ്ഞു 
നീ ഖിന്നയായി.. 
ഓരോ നിമിഷവും മറ്റൊരു നിമിഷത്തിനു വേണ്ടി 
സ്വയം പൊഴിഞ്ഞു തീരുകയാണെന്നു 
പിറുപിറുത്തു.. 
*
എന്നിലൊരു അവധൂതനുണ്ടെന്നും, 
എനിക്ക് ജിബ്രാന്‍റെ ഛായയാണെന്നും 
നീ പുലമ്പിയ വസന്തകാലത്തെ കുറിച്ച് 
ഓര്‍ക്കുകയായിരുന്നു ഞാന്‍..; 
വര്‍ഷരേണുക്കള്‍ ചിറകു കുടഞ്ഞു 
ഭൂമിയുടെ ഗര്‍ഭപാത്രം തേടി നനഞ്ഞുടഞ്ഞു വീണ 
ഋതുജാലകത്തില്‍ 
നേര്‍ത്ത വിരല്‍ നീട്ടി 
നൈമിഷിക ചിത്രങ്ങള്‍ മെനഞ്ഞ 
നിന്‍റെ ഭാവങ്ങളെ കുറിച്ചും..! 
*
ഹിമകണങ്ങള്‍ 
പുല്‍ക്കൊടികള്‍ക്ക് മേലെ 
നിതാന്ത സുഷുപ്തിയില്‍ സ്വയമലിഞ്ഞ 
ഹേമന്തം, 
എനിക്ക് പകര്‍ന്നു തന്നത് 
നിന്‍റെ മൌനങ്ങളുടെ വാചാലതയായിരുന്നു... 
*
അബോധങ്ങളുടെ ആഴങ്ങളിലേക്ക് 
ഋതുഭേതങ്ങളുടെ അതിരുകളില്ലാതെ 
ഒരു വെയില്‍ത്തുമ്പിയായി പറന്നിറങ്ങുമ്പോള്‍ 
ഞാന്‍ നിന്നെയും തിരിച്ചറിയുന്നു.. 
നീയെന്‍റെ മേ സിയാദ..!! 

......

ജീവിതം=യുദ്ധം

ജീവിതയുദ്ധം.. 
ഇത് ജീവിതയുദ്ധം..

സ്വപ്നങ്ങളാണ് നിന്നായുധങ്ങള്‍..
സ്മരണകളാണ് നിന്നനുഗാമികള്‍..
ദുഃഖങ്ങള്‍ സിര തീര്‍ത്ത ഹൃദയമോ-
നിന്‍ പടച്ചട്ട...!
സത്യങ്ങളാണ് നിന്‍ സത്ത...!!

നിന്‍മിഴിയിലുതിരുന്ന
ശോണബാഷ്പങ്ങളില്‍
നഷ്ടസ്വര്‍ഗ്ഗത്തിന്‍റെ
വര്‍ണ്ണമാകാം..
വിണ്‍ ചെരുവിലലയുന്ന
മേഘങ്ങളൊരുപക്ഷെ
ഇനിയും ഒടുങ്ങാത്ത
മോഹങ്ങളാകാം...!
നിന്നിലിനിയും അടങ്ങാത്ത
ദാഹങ്ങളാകാം...!!

വേപഥുവിലിഴയുന്നൊരചലകാലം
നിന്‍റെ പാദചിഹ്നങ്ങളില്‍
തളം കെട്ടി നില്‍ക്കെ,
വര്‍ത്തമാനത്തിന്‍റെയാകുലതയില്‍
നിന്‍റെ ഹൃദയതാളങ്ങള്‍
ഇടറിവീണു..!

നിന്നെ തനിച്ചാക്കിയൊരു
പാത ബാക്കിയായ്‌;
ശിശിരമൌനങ്ങളില്‍
ഇല പൊഴിഞ്ഞിരവുകള്‍, പകലുകള്‍-
ആത്മ ശിഖരങ്ങള്‍..;
നീ കണ്ട കനവുകള്‍
കനലായെരിഞ്ഞു വിഭൂതികളായ്
മേഘരൂപന്‍ തന്‍റെ മാന്ത്രിക വിരല്‍ തൊട്ടു
ചിറകറ്റ ശലഭങ്ങളായ്‌..!!

ഒറ്റയ്ക്ക് താണ്ടി നീയേത്തെണ്ടതല്ലേ,
ജീവിതപ്പെരുവഴി?
ജന്മയാനങ്ങള്‍ തന്‍
ഗമനസരണി...;
ഇത് തീരാത്ത ദുര്യോഗധരണി...!!

ഇനി നിന്‍റെ നിനവുകള്‍
മുന തീര്‍ത്തെടുക്കുക...,
അവിശ്രാന്ത ധിഷണയാല്‍
തീ കോര്‍ത്തെടുക്കുക...,
നിന്‍റെ ജീവയുദ്ധത്തിന്‍റെ
കാഹള വിരാവങ്ങള്‍
ഏറ്റു പാടാനൊരു പുലരി വരും വരെ..!! 


......

രാത്രിയില്‍ പ്രണയിക്കുന്നവരുടെ നഗരം


പ്രണയ കുടീരങ്ങളുടെ നഗരം;
ഓര്‍മ്മകളുടെ മര്‍മ്മരം
രാത്രി
കാത്തിരിപ്പ്
മറവിയുടെ നനവുള്ള
ബിയറിന്‍റെ ഗന്ധം
മൗനം
സിഗരറ്റ്‌
യന്ത്രവിശറിക്കാറ്റ്...

പാതി തുറന്ന വാതില്‍;
പരിചിതസ്പന്ദനം
ചുംബനം
നഗ്നത
കിതപ്പ്
നിരോധിക്കപ്പെട്ട ജന്മങ്ങള്‍;
ഉറകളിലെ സെമിത്തേരി...

യാത്രാമൊഴി
പകല്‍
മടുപ്പ്
ഉറക്കത്തിന്‍റെ തണുപ്പ്;
സ്വപ്നങ്ങളുടെ അള്‍ത്താര...

വീണ്ടും;
രാത്രി,
കാത്തിരിപ്പ്...!

ഇനിയുള്ളത്..



ഇനിയുള്ള നാളെന്‍റെ സ്വപ്നമാകുന്നു 
വര്‍ണ്ണങ്ങളിഴയിട്ട മഴവില്ലു പോലെ 
സ്വര്‍ണ്ണങ്ങളുതിരുന്ന സന്ധ്യ പോലെ 
കനല്‍ച്ചില്ലു പോലെന്‍റെ കിനാവുകള്‍...! 

ഇവിടെയീ നഗരഗര്‍ത്തത്തില്‍,
വര്‍ത്തമാനത്തിന്നാര്‍ത്തനാദം
തുടല്‍ പൊട്ടിച്ചലറുന്ന ഭീകരത;
അഴലിറ്റിത്തിമിര്‍ക്കുന്നൊരാധുനികത..!! 

നൂറ്റാണ്ടുകള്‍ വഴിമുട്ടിക്കിതച്ചുവോ
നിമിഷാര്‍ദ്ധവ്യാപ്തിയില്‍;
ചരിതാഹുതികളില്‍,
വ്യര്‍ത്ഥമായ് തീര്‍ന്നൊരീ രഥ്യയില്‍,
ഇരുള്‍ മാത്രം കലമ്പുന്ന പകലില്‍,
കാമാര്‍ത്ത ഭേദ്യങ്ങളുത്തരം ചൊല്ലും-
അനാഥബാല്യങ്ങളില്‍;
അമരുന്ന തഥ്യയില്‍...! 

ഇനിയുള്ള നാളുകളിനിയും പിറക്കാത്ത
പിറവിയുടെ ബാധ്യത പോലെ..
കരിയുന്ന കാനല്‍ച്ചിരാതുകളായ്
കണ്ണിലെരിയും കനല്‍ക്കല്ലു പോലെ..!

വേര്‍ത്ത തെറ്റിന്‍റെ ഹിമപാതമായി
നേര്‍ത്ത രാത്രികള്‍ വരാനിരിക്കുന്നു
പേര്‍ത്തും പേര്‍ത്തുമാര്‍ക്കുന്ന വിദ്ധാംഗര്‍..
പറക്കുന്ന കഴുകന്‍റെ കൂര്‍ത്ത നഖങ്ങള്‍...! 

നാളെയെന്‍ ചേതന ചതക്കും
നീണ്ട കൂടങ്ങളാണീ കിനാവുകള്‍
ചിതറുന്ന നൊമ്പരച്ചുടലകളില്‍
ചോര ചീറ്റുന്ന സൂര്യസായാഹ്നം..!
ഇനിയെന്‍റെ ചോദ്യങ്ങളിഴയുന്നു,
തലച്ചോറില്‍ പുഴുക്കളെപ്പോലെ..;
ചിന്തക്ക് മേലെ വിരിച്ച നിലാവിന്‍
ചിലന്തിവലയാകുന്നു മൌനം!!
***


(( ഇനിയുള്ളതെന്ത്....??
ഇനിയും നിലക്കാത്തൊരീ പ്രാണ-
നിടറിക്കിതക്കുന്ന വഴിയില്‍
പ്രാണി പോല്‍ ചിറകറ്റു കേഴുന്നൊരീ
വൃദ്ധസദനത്തിലെ രാപ്പകലുകള്‍ മാത്രം....!!! ))

---------

ഞാനും, നീയും..!



ആകാശത്തിലേക്ക്
കയറിപ്പോകുന്ന
ഗോവണിപ്പടവുകളാണ്
കടലെന്ന് നീ..
ചക്രവാളത്തിലേക്ക്
'കണ്‍'തോട്ടിയിടുമ്പോള്‍
എനിക്കുമങ്ങനെ
തോന്നായ്കയില്ല...!

രാവും പകലും
രമിക്കുന്ന നേരത്ത്
നിലക്കടല ചുവക്കുന്ന
നിന്‍റെ നിശ്വാസം, 
എന്റെയാത്മാവു
നിലക്കുന്ന ഉന്മാദം..!

ഈ മണ്‍തരികളെ പോലെ
നിന്‍റെയുടല്‍ പൊതിഞ്ഞ്
എനിക്ക് എന്നിലേക്ക്‌ തന്നെ
ഉതിര്‍ന്നു വീഴണം..

നേര്‍ത്ത മഴവിരല്‍ കൊണ്ട്
ആകാശം തൊടുമ്പോള്‍
നീ ഭൂമിയായി..
ഞാന്‍ നിന്‍റെ
അകക്കാമ്പില്‍ തിളയ്ക്കുന്ന
ലാവയും..!

പണ്ടൊരിക്കല്‍,
നിന്‍റെ നിഴലില്‍
ഞെട്ടറ്റു വീണ
ആപ്പിള്‍പഴം പിന്നെ
നിന്‍റെ യഴലായി
എന്‍റെ യുയിരില്‍
ഇഴയുന്നൊരുരഗം
പിന്നെ
ഞാന്‍ തന്നെയായി..!

നീ പെണ്ണും
ഞാന്‍ ആണുമായത്
അങ്ങനെയാണ്..!

.......

ശലഭായനങ്ങള്‍


ശലഭമേ നീയെന്‍ 
ശിരോലിഖിതമല്ലയോ; 
അഷ്ടമാരാശി പേറും- 
ജന്മമല്ലയോ! 
പ്യൂപ്പയില്‍ നീയെന്‍റെ  
സ്വപ്നമായി; 
ചിറകു തീണ്ടാത്ത 
നിനവിന്‍റെ നോവുമായി..! 

ഇനിയെന്‍റെ നിദ്രകള്‍ 
നിന്‍ തമോമുദ്രകള്‍.. 
ഇനിയെന്‍റെ യാത്രകള്‍ 
നിന്‍ ഗമനമാത്രകള്‍...!! 
തെരുവില്‍ നീ- 
യുരുവിടാ മന്ത്രമായി; 
ഈ മനീഷികള്‍ 
രദമാര്‍ന്ന 
യന്ത്രമായി....! 

യമികള്‍ മറന്നതീ 
മാനിഷാദ; 
നിലാപിറവികള്‍ 
രാവുകള്‍ക്കന്ന്യമാം പോല്‍! 
വേടന്റെയമ്പു തറച്ച പിറാവിനു 
ശലഭപതംഗങ്ങളായിരുന്നു 
കൂടൊഴിയും മരചില്ലകള്‍ക്കോ 
ഈയലുരുകുന്ന മൌനങ്ങളായിയിരുന്നു..! 

റെയിലില്‍ കരിങ്കല്ലു ശയ്യയില്‍ 
വെയില്‍ നീറ്റിയിറ്റും നിണച്ചാലില്‍ 
നഗ്നമാംപെണ്‍മേനിയായ്- 
നിന്‍റെയിടറുന്ന ജീവതാളം; 
വിധി തന്‍റെ പേലവപ്പാതിയാലീ 
ചിറകറ്റ നേരിന്‍റെ നാളം..!  

ഇനി ഞാനിതെന്നിലെയെന്നെ 
നിഴല്‍കോര്‍ക്കു- 
മശാന്തതീരങ്ങളില്‍ 
ശലഭസമാധിയായ്,  
മഴമേഘമൌനമായ്,  
ഋതുഭേദശല്‍ക്കങ്ങളായ്- 
പകല്‍ക്കനവിന്‍ വിരാടരൂപം! 
പിന്നെ,
നിന്നിലെ നിന്നിലേക്കുള്ള പലായന- 
പ്പാതയില്‍ ചിറകറ്റ ഞാന്‍..!! 

........

വേര്‍പാടിന്‍റെ വെളിപാടുകള്‍


നിനവുകളിലേക്ക് പടരുന്ന 
തീമഴത്തുള്ളികളില്‍ 
നനഞ്ഞുപൊള്ളിയ 
വേര്‍പാടിന്‍റെ നിമിഷമാണിത്..!
നിന്‍റെ കാലൊച്ചയുടെ
അവസാനമാത്രയും
തേഞ്ഞുതീര്‍ന്ന താഴ്വരത്തണുപ്പില്‍
അകലേക്കൊറ്റപ്പെടുന്ന ഒരു വഴിത്താര....!!

തീക്ഷ്ണമായ പ്രണയത്തില്‍ നിന്ന്
(വിരഹത്തില്‍ നിന്നും)
അടര്‍ന്നു വീണ
ഈ വേദനയുടെ പുറംകുപ്പായങ്ങള്‍
തനുവും മനവും കൊണ്ട്
അണിഞ്ഞു തീര്‍ക്കണം..
വിസ്മൃതികളിലേക്ക്
പിന്തുടരുവാനായി
ഓര്‍മ്മകളുടെ ലാടം പൊതിഞ്ഞ
കുതിരക്കാലുകള്‍ പേറണം...
**ലോകത്തെവിടെയുമുള്ള
നിരാശാകാമുകരുടെ
സൈദ്ധാന്തികപ്രതിസന്ധിയാണിത്!!

ശേഷം,
ജീവിതത്താഴ്വരയില്‍
ഉടഞ്ഞുവീണ സ്വപ്നങ്ങളുടെ
വിഗ്രഹത്തുണ്ടുകള്‍ പെറുക്കിയെടുത്ത്
പുതിയൊരു മോഹന്‍ജെദാരോ
കണ്ടെടുക്കപ്പെട്ടെക്കാം..
ചവുട്ടിമെതിക്കപ്പെട്ട
മോഹസാമ്രാജ്യങ്ങള്‍ക്കുമേല്‍
അധിനിവേശങ്ങളുടെ രഥചക്രങ്ങള്‍
പടര്‍ന്നുരുണ്ടേക്കാം...

അപ്പോഴും,
കാറ്റിന്‍റെ ഗോവണിയില്‍
ആകാശച്ചില്ലകളിലെവിടെയോ
നഷ്ടപ്പെട്ട പട്ടം പോലെ
ഒരാത്മാവ് പരിതപിക്കുന്നുണ്ടാകും..

വേപഥു തിന്നു തീര്‍ത്ത
ജീവിതത്തെ കുറിച്ച്
ഒരാത്മകഥയെഴുതുകയാണ്
'ടി'യാനിനി ചെയ്യാനുള്ളത്.. !

(( ഞാനുമൊരു ആത്മകഥ എഴുതിത്തുടങ്ങുകയാണ്!! ))

...........

ഋതു


വേനല്‍ക്കാടുകളില്‍
ഹിമകണങ്ങള്‍
ഒളിച്ചിരിക്കുന്ന
ഒരിലപൊഴിയാമരമുണ്ട്…
ശരത്കാലത്തോട്
പിണങ്ങി,
വസന്തത്തിനോട്
കുണുങ്ങി,
വര്‍ഷത്തിനോട്
ചിണുങ്ങി,
ഹേമന്ദത്തിനോട്
ഇണങ്ങിയങ്ങനെയങ്ങനെ….! 

നിനവിന്‍റെ നിഴല്‍ വീണ
മരത്തണലില്‍
ഇരുളും, നിലാവും,
പകലും, വെയില്‍, മാരിയും
കണ്ണാരം പൊത്തിക്കളിച്ചു..
മസ്തിഷ്കങ്ങളിലേക്ക്
ഒഴുകിപ്പരക്കുന്ന
ചിന്തകളുടെ പുഴകളില്‍
കുളിച്ചീറനാകുന്ന ഭാവനകള്‍….
ഋതുക്കളില്‍ നിന്ന്
അടര്‍ന്നു വീണ
പേരറിയാത്ത കാലങ്ങള്‍
ചിറകില്ലാപക്ഷികളായി
കവിതകളിലേക്ക് ചേക്കേറുന്നു…!
(ജനിമൃതികള്‍ക്കിടയിലെ
ഋതുഭേദങ്ങള്‍ക്ക് പക്ഷെ,
ഒരൊറ്റ നിറമാണ്;
ജീവിതം..!!) 

........................


കവിത


ഹൃദയത്തില്‍ നിന്നും 
ഉതിര്‍ന്നു വീഴുന്നൊരീ 
വാക്കിന്‍റെ ചോരയാണെന്‍ കവിത... 
അനുഭവത്തിന്‍റെ 
സൂര്യാതപം നീറ്റുന്ന 
വേനല്‍ച്ചിരാതെന്‍റെ കവിത... 
സങ്കല്‍പ്പമേഘങ്ങള്‍ 
പെയ്തുപാറുന്നൊരീ 
മഴനീര്‍പ്പിറാവെന്‍റെ കവിത... 
ആത്മരോഷത്തിന്‍റെ 
മൂര്‍ച്ചയില്‍ രാകുന്ന 
ഖഡ്ഗങ്ങളാണെന്‍റെ കവിത...! 

ഓര്‍മ്മകള്‍ പൂവിട്ട 
പൂവാംകുരുന്നില; 
ബാല്യകാലത്തിന്‍റെ 
ചീയാത്ത പൂമണം... 
മുതല മട, കടലിനല 
പുഴ തൊടും കടവിലെ 
ഓളങ്ങളാണെന്‍റെ കവിത... 

നൊമ്പരങ്ങള്‍ ചരല്‍-
ക്കല്ലുകള്‍ പാകിയ 
നാട്ടുവഴി; വേര്‍പ്പിന്‍റെ
മണമുള്ള പാടം 
നെന്മണികള്‍ നന്മയുടെ 
തേന്‍ തുള്ളികള്‍ 
ആ പഴമ തിരയുന്നതെന്‍ കവിത...

മൌനങ്ങള്‍ വേടന്‍റെ- 
യമ്പായ് തറഞ്ഞ 
പ്രാകുറുകലില്‍ 
ചിറകറ്റ പ്രാണന്‍റെ യീണം 
കോണ്‍ക്രീറ്റു കാടുകള്‍; 
പുനര്‍ജന്മമറിയുന്ന 
വേടക്കിരാതര്‍ 
ആ നേരു ചികയുന്നതെന്‍ കവിത.... 

എന്നിലെയെന്നെഞാന്‍ 
തുന്നുന്ന തൂവാല 
എന്നില്‍ നിന്നെന്നെ  ഞാന്‍ 
കോര്‍ക്കുന്ന മാല 
എന്നിലേക്കെന്നെ ഞാന്‍ 
നോക്കുന്ന ജാലകമാണെന്‍റെ കവിത.....!! 

......... 

ചന്തുക്കോമരം


ചന്തുക്കോമരത്തിനു ഇന്ഗ്രീസ് 
മുക്കാനും മൂളാനും അറിയാമായിരുന്നു.. 
എന്ന് വെച്ച്, പരിഷ്കാരത്തിന്റെ ചിഹ്നങ്ങളൊന്നുമണിഞ്ഞില്ല.. 
കാല്‍ശരായി കാലില്‍ പോയിട്ട് 
കൈ കൊണ്ട് തൊട്ട് നോക്കിയിട്ട് പോലുമില്ല...
കുന്നത്തു ബനിയനും 
മടക്കിക്കുത്ത് ലുങ്കിയും 
അതിനും താഴെ തല നീട്ടുന്ന വള്ളിനിക്കറും 
കറുത്തിരുണ്ട കോമരത്തിനു 
വേഷത്തിന്‍റെ  വര്‍ണ്ണങ്ങളെഴുതി..! 

എള്ളും, പൂവും, പൊരിയും, ത്രിത്താവും 
വാളിന്‍റെ തുമ്പില്‍ ചേര്‍ത്ത് 
ധ്യാനിച്ച്‌ പൂജിച്ച് 
ഭക്തജനങ്ങള്‍ക്ക്‌ മേലെ ചൊരിയുമ്പോള്‍ മാത്രം, 
ചുവന്ന പട്ടും, ചിലങ്കയും, 
മേല്‍മുണ്ടും, ഗോപിയും 
കോമരത്തിന്‍റെ  തനുവില്‍ 
ആര്‍ഭാടത്തിന്‍റെ അടയാളങ്ങളായി..! 

ഗുളികനും, ചാത്തനും, 
കാളിയും, കൂളിയും, നാഗത്താന്മാരും 
ചന്തുക്കോമരത്തിന്‍റെ  നാവില്‍ 
അരുളപ്പാടുകളായ് 
പിറവിയെടുത്തു കൊണ്ടേയിരുന്നു... 
മറുതയും, യക്ഷിയും, ഒടിയനും, മായനും 
ചന്തുക്കോമരത്തിന്‍റെ വഴിവരവില്‍ 
പേടിച്ചൊളിച്ചു കൊണ്ടേയിരുന്നു... ! 
.
ചന്തുക്കോമരത്തിനു 
വായിക്കാനറിയാമായിരുന്നു.. 
എന്ന് വെച്ച് കണ്ണില്‍ക്കണ്ട- 
മഞ്ഞപ്പുസ്തകങ്ങള്‍ വായിച്ചിട്ടേ ഇല്ല.. 
ദിനപത്രങ്ങളും, ആനുകാലികങ്ങളും 
അക്ഷരങ്ങള്‍ മറന്നു പോകാതിരിക്കാന്‍ വേണ്ടി മാത്രം, 
ഇടക്ക്.... 
കലാവേദി ലൈബ്രറിയില്‍ നിന്ന് 
നോവലുകളും, കഥകളും 
ഇടയ്ക്കിടയ്ക്ക്...... 

ചെമ്മീന്‍ വായിച്ചു തീര്‍ന്ന രാത്രി, 
പരീക്കുട്ടിയെ പ്രാകിക്കൊന്ന് 
നേരെ അമ്മിണിച്ചോത്തിയുടെ വീട്ടില്‍ ചെന്ന് 
അവളെ വിളിച്ചിറക്കിക്കൊണ്ടു വന്നു.... 
പിറ്റെന്നാള്‍ വേറാരോ താലി കെട്ടേണ്ട 
അവളുടെ കഴുത്തില്‍ 
അമ്പലമുറ്റത്ത് വെച്ച് 
മഞ്ഞച്ചരട് ചാര്‍ത്തി 
കോമരം മൂളി; 
"മുത്തപ്പന്റെ അരുളപ്പാടാ...!" 
(കോമരത്തിനു വേണ്ടി 
കാലങ്ങളായി സൂക്ഷിച്ചു വെച്ച 
അവളുടെ പ്രണയം 
അങ്ങനെ ഒരു വഴിക്കായി..!) 
.
ചന്തുക്കോമരത്തിനു 
പാടാനറിയാമായിരുന്നു... 
എന്ന് വെച്ച് ശാസ്ത്രീയം, അശാസ്ത്രീയം 
അങ്ങനെ 
വകഭേദങ്ങളുടെ ചതുരങ്ങളൊന്നും 
കോമരത്തിന്റെ പാട്ടിലില്ലായിരുന്നു.. 
കായലരികത്ത് വലയെറിഞ്ഞപ്പം 
വളകിലുക്കിയ സുന്ദരിയെ കുറിച്ച് 
ചന്തുക്കോമരം തന്നെ പാടണം.. 
കൊടുങ്ങല്ലൂര്‍ ഭരണിക്ക് 
പോകുന്ന വഴിക്കാണ് 
കോമരത്തിന്റെ 
അനര്‍ഗ്ഗള സ്വരതാരുണ്യം 
ജനങ്ങള്‍ക്ക്‌ സ്വായത്തമാകുക..! 
തെറിപ്പാട്ട് പടാവോ എന്ന് 
സന്ദേഹം പറഞ്ഞ അബ്ദുമൂപ്പനെ 
ഉപ്പ,യുപ്പൂപ്പമാര്‍ക്ക് വിളിച്ച് 
തെറിപ്പാട്ടില്‍ കുളിപ്പിച്ചിട്ടും 
വര്‍ഗ്ഗീയ കലാപങ്ങളൊന്നും 
ഉണ്ടായുമില്ല...!! 
.
ചന്തുക്കോമരത്തിനു 
ജീവിക്കാനറിയില്ലായിരുന്നു.. 
നാടാറുമാസം പോലെ 
കാവുകളിലെ പൊറുതിയും, 
കാടാറുമാസം പോലെ 
വേലയില്ലാ വറുതിയും 
ജീവിതത്തിന്‍റെ അരുളപ്പാടുകള്‍ 
തെറ്റിച്ചുകൊണ്ടിരുന്ന
ഒരു കര്‍ക്കിടകത്തില്‍, 
ചന്തുക്കോമരം 
മഴ നനഞ്ഞ മരത്തിന്‍റെ 
താഴേക്കു തൂങ്ങിയ ചില്ലയായി..!! 

.........